Friday, October 31, 2008
സിനിമയില്‍ ബാഡ്മിന്റണ്‍ താരമാകാന്‍ ദീപികയ്ക്ക് മോഹം
അച്ഛനെപ്പോലെ ഒരു വലിയ ബാഡ്മിന്റണ്‍ താരമാകാനൊന്നും ഒരു പക്ഷേ, ദീപിക പദുക്കോണിനാവില്ല. പക്ഷേ, സിനിമയിലെങ്കിലും ഒരു ബാഡ്മിന്റണ്‍ താരമായി പ്രത്യക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?''ഹോക്കിക്ക്‌വേണ്ടി 'ചക്‌ദെ ഇന്ത്യ' ചെയ്തതോര്‍മയില്ലേ? അതേ പോലൊരു ചിത്രം ബാഡ്മിന്റണു വേണ്ടി ചെയ്യണം എന്നാണെന്റെ ആഗ്രഹം''-പ്രശസ്ത ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക പറയുന്നു. ഷാരൂഖ്ഖാന്റെ ഓം ശാന്തി ഓമിലൂടെ സിനിമാരംഗത്ത് എത്തിയ ദീപിക ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ്.അച്ഛനോടൊപ്പം ബാഡ്മിന്റണ്‍ കളിച്ച അനുഭവമുള്ള തനിക്ക് ഒരു ബാഡ്മിന്റണ്‍ താരത്തിന്റെ വേഷം നന്നായി ഇണങ്ങുമെന്ന് ദീപിക പറയുന്നു. ''ഇന്ത്യന്‍ കായികരംഗത്തിന് എനിക്ക് കഴിയാവുന്ന സഹായം ചെയ്യണം എന്നാണന്റെ ആഗ്രഹം''.നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന 'ചാന്ദ്‌നിചൗക്ക്' എന്ന ചിത്രത്തില്‍ ഒരു ചെറിയ ചൈനീസ് പെണ്‍കുട്ടിയുടെ വേഷത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സംഘട്ടനരംഗങ്ങളിലും ദീപിക പ്രത്യക്ഷപ്പെടുന്നുണ്ട്. ''ഇത്തരമൊരു ആക്ഷന്‍ കാരക്ടര്‍ ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതിന് അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. ഭാഗ്യത്തിന് എന്റെ എല്ലൊന്നും ഒടിഞ്ഞില്ല. പക്ഷേ, കാലിന്റെ കുഴ രണ്ടുതവണ തെറ്റി. പക്ഷേ, ആക്ഷന്‍ രംഗങ്ങള്‍ ഞാന്‍ നന്നായി ആസ്വദിച്ചു''- ദീപിക പറഞ്ഞു.
അടുത്ത ചിത്രത്തിലും ബോണ്ട് ക്രെയ്ഗ് തന്നെ
അടുത്ത ബോണ്ട് ചിത്രത്തിലും ഡാനിയല്‍ ക്രെയ്ഗ് തന്നെയായിരിക്കും നായകനെന്ന് നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി. ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ ബോണ്ട് ചിത്രം 'ക്വാണ്ടം ഓഫ് സൊളിസി'ലും മുന്‍ ചിത്രം 'കാസിനോ റോയലി'ലും ക്രെയ്ഗ് തന്നെയായിരുന്നു നായകന്‍. ''അടുത്ത ചിത്രത്തില്‍ അദ്ദേഹത്തെ നായകനാക്കിയില്ലെങ്കില്‍ അതൊരു വിഡ്ഢിത്തമായിരിക്കും. ഇതുവരെയുള്ള ബോണ്ട് താരങ്ങളില്‍ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. പ്രേക്ഷകര്‍ അദ്ദേഹത്തെ അത്രയധികം സ്നേഹിക്കുന്നു'' - കോ- പ്രൊഡ്യൂസര്‍ മൈക്കിള്‍ വില്‍സണ്‍ പറയുന്നു. നായിക ഓള്‍ഗ കുറിലെങ്കോ അടുത്ത ചിത്രത്തില്‍ ഉണ്ടാവാനുള്ള സാധ്യതയും നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി തള്ളിക്കളയുന്നില്ല. ''അവര്‍ പ്രേക്ഷക ശ്രദ്ധ നേടുന്ന ഒരു നടിയാണ്. മാത്രമല്ല, ഈ ചിത്രത്തില്‍ അവരുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. അവര്‍ തിരിച്ചുവരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അടുത്ത ചിത്രത്തിലല്ലെങ്കില്‍ ഭാവിയിലെങ്കിലും''-അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച പ്രദര്‍ശനശാലകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നു.രാജകുമാരന്മാരായ വില്യം, ഹാരി എന്നിവരടക്കം ഒട്ടേറെ പ്രമുഖരും താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആദ്യ പ്രദര്‍ശനത്തിന് എത്തിയിരുന്നു. മാര്‍ക്ക് ഫോസ്റ്റര്‍ സംവിധാനം ചെയ്ത 'ക്വാണ്ടം ഓഫ് സൊളിസ്' 22-ാമത്തെ ബോണ്ട് ചിത്രമാണ്.
തന്റെ നഗ്നചിത്രങ്ങള്‍ കലാമൂല്യമുള്ളതെന്ന് ബോണ്ട് താരം
പ്രശസ്തരായ നടികള്‍ നഗ്നചിത്രങ്ങള്‍ക്ക് പോസുചെയ്യുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് പുതിയ ബോണ്ട് ചിത്രത്തിലെ നായിക ഓള്‍ഗ കുറിലെങ്കോ. വസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടുന്ന എല്ലാ ചിത്രങ്ങളും അശ്ലീലമാണ് എന്നു കരുതുന്നതാണ് തെറ്റെന്ന് ഓള്‍ഗ പറയുന്നു. ''നഗ്നരായി പ്രത്യക്ഷപ്പെടാത്ത നടികള്‍ കുറവാണ്. അത്ര അസാധാരണമല്ല അത്. പക്ഷേ, എന്റെ ചിത്രങ്ങള്‍ കലാപരമാണ്, അവയൊന്നും അശ്ലീല ചിത്രങ്ങളല്ല. ഇരുളും വെളിച്ചവും സമഞ്ജസമായി ഉപയോഗിച്ച് മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത കലാമൂല്യമുള്ള ചിത്രങ്ങളാണവ''-ഓള്‍ഗ പറയുന്നു. 'ക്വാണ്ടം ഓഫ് സൊളിസ്' എന്ന പുതിയ ബോണ്ട് ചിത്രത്തിലെ നായികയായ ഓള്‍ഗയുടെ ഒട്ടേറെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. 'ദി റിങ് ഫിങ്കര്‍' എന്ന സെക്‌സ് ചിത്രത്തിലെ ഓള്‍ഗയുടെ ഒരു രംഗവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷേ, ഇതൊക്കെ തന്റെ ജോലിയുടെ ഭാഗമാണെന്ന് അവര്‍ പറയുന്നു. ''ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും ഞാന്‍ ആസ്വദിക്കുന്നു എന്നര്‍ഥമില്ല. പക്ഷേ, അതെല്ലാം എന്റെ ജോലിയുടെ ഭാഗമായിരുന്നു''-ഓള്‍ഗ പറയുന്നു. ക്വാണ്ടം ഓഫ് സൊളിസില്‍ ബോണ്ട് താരം ഡാനിയല്‍ ക്രേഗിന്റെ സഹചാരിണിയാണ് ഓള്‍ഗ അവതരിപ്പിക്കുന്ന കഥാപാത്രം.
Thursday, October 30, 2008
ഗ്ലാമറിന്റെ കഥപറഞ്ഞ് 'ഫാഷന്‍'
മാഡലിങ് രംഗത്തെ പിന്നാമ്പുറക്കഥകളുമായി 'ഫാഷന്‍' പ്രദര്‍ശന ശാലകളിലെത്തി. 'ചാന്ദ്‌നിബാര്‍, പേജ് 3', 'ട്രാഫിക് സിഗ്‌നനല്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ വിസ്മയം സൃഷ്ടിച്ച ചലച്ചിത്രകാരന്‍ മധൂര്‍ ഭണ്ഡാര്‍ക്കറാണ് 'ഫാഷന്‍' സംവിധാനം ചെയ്തിരിക്കുന്നത്.ഒരുകാലത്ത് ഡല്‍ഹിയിലെ പ്രശസ്ത മോഡലായിരുന്ന ഗീതാഞ്ജലി നാഗ്പാലിന്റെ ജീവിതമാണ് ഇത്തരമൊരു സിനിമയ്ക്ക് പ്രചോദനമായതെന്ന് വാര്‍ത്ത പരന്നിരുന്നെങ്കിലും സംവിധായകന്‍ അത് നിഷേധിച്ചിരുന്നു. പ്രശസ്തിയില്‍ നിന്നും സമ്പന്നതയില്‍ നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ ഗീതാഞ്ജലി ജീവിക്കാനായി ഭിക്ഷയാചിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന കാലത്തായിരുന്നു ഭണ്ഡാര്‍ക്കര്‍ 'ഫാഷന്‍' എന്ന ചിത്രത്തിന് തുടക്കം കുറിച്ചത്.ഒരു ചെറുപട്ടണത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച മേഘ്‌നാ മാത്തൂര്‍ എന്ന യുവതി വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് മോഡലിങ് രംഗത്തെത്തുന്നു. വെറും ഒരു മോഡലിനപ്പുറം 'സൂപ്പര്‍ മോഡല്‍' ആവാനാണ് അവളുടെ ആഗ്രഹം. മേഘ്‌നയുടെ കഥയിലൂടെ ഫാഷന്‍ രംഗത്തെ, പിന്നാമ്പുറക്കഥകള്‍ പ്രേക്ഷകരില്‍ എത്തിക്കാനാണ് സംവിധായകന്റെ ശ്രമം. മേഘ്‌ന എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കാ ചോപ്രയാണ്. നടി കങ്കണ റനൗത്താണ് ഗീതാഞ്ജലി നാഗ്പാലിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ അര്‍ജുന്‍ ബാവയാണ് പ്രിയങ്കയുടെ നായകന്‍. മുഗ്ധ ഗോഡ്‌സെയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഏറ്റവും പോസിറ്റീവായ ചിത്രമാണിത് എന്നാണ് നായിക പ്രിയങ്കാ ചോപ്ര 'ഫാഷനെ'ക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ചിത്രം ഒരുക്കുന്നതിന് മുമ്പായി താന്‍ 80 ഫാഷന്‍ ഷോകള്‍ കണ്ടതായി സംവിധായകന്‍ പറയുന്നു. രാജ്യത്തെ പ്രധാന ഡിസൈനര്‍മാരുമായും മോഡലുകളുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു
Sunday, October 26, 2008
കഷണ്ടിയുടെ ജനിതകരഹസ്യം

അകാലത്തിലെ 'കഷണ്ടി' ഭയപ്പെടുത്താത്തവര്‍ വിരളം. മുപ്പത് കഴിയും മുമ്പ് മുടി കൊഴിഞ്ഞ് കഷണ്ടിക്കാരാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയും ചെയ്യുന്നു. എന്നാല്‍ കഷണ്ടിയുടെ രഹസ്യം തേടിപ്പോവുക തന്നെ എന്നായി ഒരു സംഘം ഗവേഷകര്‍.ബ്രാഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. വാല്‍ റാന്‍ഡലിന്റെ നേതൃത്വത്തിലുള്ള സംഘം ഒടുവില്‍ കഷണ്ടിയുടെ 'ജനിതക രഹസ്യം' കണ്ടെത്തി.'ആന്‍ഡ്രോജന്‍ റിസ്പറ്റര്‍' ജീനുകള്‍ക്ക് പുറമെ 'ക്രോമോസോം 20' ജീനുകളും കഷണ്ടി സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. അയ്യായിരം പേരുടെ ഡി.എന്‍.എ. പരിശോധന നടത്തിയാണ് ഗവേഷക സംഘം ഈ നിഗമനത്തില്‍ എത്തിയത്. 'നേച്വര്‍ ജനിറ്റിക്‌സ്' മാസികയിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കഷണ്ടി സാധ്യത തിരിച്ചറിയാനും കാലേക്കൂട്ടി ചികിത്സ തുടങ്ങാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.'നേച്വര്‍ ജനറ്റിക്‌സ്' മാസികയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിലും മുടികൊഴിച്ചിലും 'ക്രോമോസോം 20' ജീനുകളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിട്ടുണ്ട്.ആന്‍ഡ്രോജന്‍ ജീനുകള്‍ക്ക് മുടി കൊഴിച്ചിലുമായുള്ള ബന്ധം ശാസ്ത്രലോകം മുമ്പേ തിരിച്ചറിഞ്ഞിരുന്നെങ്കിലും 'ക്രോമോസോം 20' ജീനുകളുടെ വില്ലന്‍വേഷം ഗവേഷകര്‍ക്ക് പുതിയ അറിവായിരുന്നു. ആന്‍ഡ്രോജന്‍ ജീനുകള്‍ അമ്മയില്‍ നിന്ന് എക്‌സ് ക്രോമോസോം വഴിയാണ് കുട്ടികളിലെത്തുന്നത്. എന്നാല്‍ 'ക്രോമോസോം 20' അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കാം. കഷണ്ടിയുണ്ടാവാനുള്ള പാരമ്പര്യ സാധ്യത കൂടുന്നുവെന്നര്‍ഥം.നിലവില്‍ കഷണ്ടിക്ക് പ്രതിവിധിയൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പുതിയ കണ്ടുപിടുത്തം മരുന്ന് കമ്പനികള്‍ക്ക് ഉത്തേജനം ആയിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മുടികൊഴിച്ചില്‍ തടയാനുള്ള ആധികാരികമായ ഔഷധങ്ങള്‍ക്കായി പുതിയ ഗവേഷണങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ പ്രചോദനം ആയേക്കാം. എല്ലാവരും 'മുടിയന്മാരായ' നല്ലകാലം ഇനി അകലെയല്ല എന്ന് പ്രത്യാശിക്കാം.
Saturday, October 11, 2008
അശാന്ത മാനസം അലര്‍ജിയുടെ കാഠിന്യം കൂട്ടും

മാനസിക പിരിമുറുക്കത്തിനെതിരെയുള്ള 'കുറ്റപത്ര'ത്തില്‍ ദിനംപ്രതി പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയാണ് ഗവേഷകര്‍. ഹൃദ്രോഗം മുതല്‍ സെര്‍വിക്കല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കു മാനസിക പിരിമുറുക്കം കാരണമാവുന്നു എന്ന് നേരത്തേ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഗര്‍ഭിണികള്‍ ജന്മം കൊടുത്ത കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറയുന്നുവെന്ന് അടുത്തിടെയാണ് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ കണ്ടെത്തിയത്.'മാനസിക പിരിമുറുക്കം' അലര്‍ജി സാധ്യതയും അതിന്റെ കാഠിന്യവും വര്‍ധിപ്പിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒഹിയോ സര്‍വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം പ്രൊഫസറും മാനസിക പിരിമുറുക്കത്തെക്കുറിച്ചുള്ള ഗവേഷകയുമായ ജാന്‍ കീ കോള്‍ട്ട് ഗ്ലേസര്‍ ആണ് അലര്‍ജിയും മാനസിക പിരിമുറുക്കവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയത്.മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജി ഏറെനേരം നീണ്ടു നില്‍ക്കുന്നതും കൂടുതല്‍ ശക്തവും ആണെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ അതേ അളവില്‍ നിലനിന്നാലും മാനസിക പിരിമുറുക്കം ഇല്ലാത്ത അവസരത്തില്‍ അവ അത്രകണ്ട് ബാധിക്കുന്നില്ലെന്നും സംഘം നിരീക്ഷിച്ചു.അലര്‍ജിയുടെ പശ്ചാത്തലമുള്ള 28 പേരെ രണ്ടര ദിവസം വ്യത്യസ്തമായ മാനസിക സാഹചര്യങ്ങളില്‍ നിരീക്ഷിച്ച ശേഷമാണ് ഗവേഷകസംഘം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ച ഒരാള്‍ക്ക് അടുത്ത ദിവസം അലര്‍ജി വര്‍ധിക്കുന്നതായും ഡോ. ഗ്ലേസര്‍ പറയുന്നു. ഈ കണ്ടെത്തല്‍ അലര്‍ജി ചികിത്സയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അവര്‍ പറയുന്നു. കാരണം അലര്‍ജിക്ക് പ്രതിവിധിയായി സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്റിഹിസ്റ്റാമിന്‍സ് (Antihistamines) പിറ്റേ ദിവസം ഉണ്ടാവുന്ന അലര്‍ജിയെ നിയന്ത്രിക്കാന്‍ മതിയാവില്ല. 'ആസ്ത്മ' ഉള്ള അലര്‍ജിക്കാരില്‍ മാനസിക പിരിമുറുക്കം കൂടിയുണ്ടായാല്‍ അതു മാരകമായിരിക്കും എന്നും ഡോ. ഗ്ലേസര്‍ അഭിപ്രായപ്പെടുന്നു.ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിലാണ് ഡോ. ജാന്‍കി കോള്‍ട്ട് ഗ്ലേസര്‍ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
ജി.കെ.
Tuesday, August 26, 2008
ഇവിടെ കൃഷി ഒരു ഉപാസന

കെ.ജി.ഗിരീഷ്‌കുമാര്‍
'സൂര്യായ സ്വാഹ സൂര്യായ ഇദം ന മമ പ്രജാപതയേ സ്വാഹ പ്രജാപതയേ ഇദം
'സൂര്യായ സ്വാഹ സൂര്യായ ഇദം ന മമ പ്രജാപതയേ സ്വാഹ പ്രജാപതയേ ഇദം
മന്ത്രോച്ചാരണങ്ങള്‍കൊണ്ട് ഇടക്കിടെ മുഖരിതമാകുന്ന ഈ കൃഷിയിടത്തിന് ഒരു ആശ്രമഛായയാണ്. കുടക് മലനിരകള്‍ക്ക് അഭിമുഖമായി നി'ുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ഈ മലഞ്ചെരുവില്‍ ജൈവകൃഷിയുടെ പുത്തന്‍ പാഠങ്ങള്‍ പരീക്ഷിക്കുകയാണ് തെരുവംകുന്നേല്‍ കുര്യാച്ചന്‍ എന്ന കര്‍ഷകന്‍. ചെറുപുഴയില്‍നിന്ന് 20 കിലോമീറ്ററിലധികം അകലെ ജോസ്‌ഗിരിയിലാണ് കുര്യാച്ചന്റെ ഒന്നരയേക്കര്‍ പുരയിടം. കൃഷി അദ്ദേഹത്തിന് ഒരു ഭൗതിക പ്രവൃത്തിയല്ല. ആധ്യാത്മിക അനുഷുാനമാണ്. പഞ്ചഭൂതങ്ങളായ അഗ്നി, ആകാശം, വായു, ജലം, ഭൂമി എന്നിവയുടെ പാവനത നിലനിര്‍ത്തിയാല്‍മാത്രമേ ആരോഗ്യകരമായ കൃഷിയും അതുവഴി ജീവിതവും നിലനി'ൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. രാസവളവും കീടനാശിനിയും അമിതമായി പ്രയോഗിക്കുന്നത് ഭൂമിയെ കൊല്ലുമെന്ന് അദ്ദേഹം പറയുന്നു. 'അമിത രാസവളപ്രയോഗത്തിന്റെ ദൂഷ്യം ഞാന്‍ വയനാട്ടില്‍ കണ്ടതാ. മണ്ണ് നശിച്ചൂന്ന് മാത്രമല്ല, ചെടികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം മാരകരോഗങ്ങളുമായി'.
വയനാട്ടിലെ തവിഞ്ഞാലില്‍നിന്ന് പതിനഞ്ചുവര്‍ഷം മുമ്പാണ് കുര്യാച്ചന്‍ ജോസ്‌ഗിരിയിലെത്തിയത്. ജൈവ കൃഷിരീതി സ്വീകരിച്ചിട്ടും ഏതാണ്ട് അത്രനാളായി. 'നമ്മുടെ ചാരോം, ചാണകോം മണ്ണിരക്കമ്പോസ്റ്റും ഒക്കെ ഫസ്റ്റ് വളമാ. പിന്നെ അന്തരീക്ഷ ശുദ്ധിക്ക് അഗ്നിഹോത്രവും'. ജൈവകൃഷി വിദഗ്‌ദ്ധ നായ ഡോ. തിമ്മയ്യയില്‍നിന്നാണ് കുര്യാച്ചന്‍ ജൈവകൃഷിയുടെ പുത്തന്‍ അറിവുകള്‍ സമ്പാദിച്ചത്. കുര്യാച്ചന്‍ മാത്രമല്ല, ജോസ്‌ഗിരി മേഖലയാകെ ഇന്ന് ജൈവകൃഷിയുടെ പ്രയോക്താക്കളാണ്. ജോസ്‌ഗിരി ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്നൊരു സംഘടനയും അവിടെയുണ്ട്. ഒരുകാലത്ത് വാനില കൃഷിയില്‍, സ്വപ്‌നംവിതച്ച കൃഷിക്കാരുടെ കൂട്ടായ്‌മ. ജോസ്‌ഗിരിയില്‍ ഉത്‌പാദിപ്പിച്ച ജൈവവാനിലതേടി പലരും എത്തിയെങ്കിലും എല്ലാവരും തങ്ങളെ കബളിപ്പിച്ചുവെന്ന് കുര്യാച്ചന്‍ പറയും.
വാനിലയെന്നപോലെ കാബേജും, സ്‌ട്രോബറിയും, കോളിഫ്‌ളവറും മലയോരത്ത് കൃഷിചെയ്‌തുതുടങ്ങിയതും ജോസ്‌ഗിരിക്കാര്‍തന്നെ. 'കാബേജിനും സ്‌ട്രോബറിക്കും പറ്റിയ മണ്ണാ ഇത്. പക്ഷെ, മാര്‍ക്കറ്റ് ഇല്ലാന്നുള്ളതാണ് ഇപ്പോഴത്തെ ഞങ്ങടെ പ്രശ്‌നം' - കുര്യാച്ചന്‍ പറയുന്നു. മൂന്നാറിലുള്ള ഒരു സുഹൃത്തില്‍നിന്നാണ് സ്‌ട്രോബറിത്തൈ ആദ്യം കുര്യാച്ചന്റെ കൈയിലെത്തുന്നത്. ഇപ്പോള്‍ 150 ചുവട് തൈ അദ്ദേഹത്തിന്റെ പുരയിടത്തിലുണ്ട്. ഒരുചുവട്ടില്‍നിന്ന് ശരാശരി 2 കി.ഗ്രാം വരെ കിട്ടും. കുര്യാച്ചന്റെ പുരയിടത്തിലടക്കം ജോസ്‌ഗിരിയിലെ ഒട്ടേറെ വീടുകളില്‍ കാബേജും കൃഷിചെയ്യുന്നുണ്ട്. ബാംഗ്ലൂരിലെ ഇന്തോ-അമേരിക്കന്‍ സീഡ് പ്രോജക്ടില്‍നിന്നോ കര്‍ണാടകത്തിലെ കര്‍ഷകരില്‍നിന്ന് നേരിട്ടോ വിത്ത് ശേഖരിച്ചാണ് കൃഷി. 150 രൂപയ്‌ക്ക് കിട്ടുന്ന 20 ഗ്രാം വിത്തില്‍നിന്ന് 500 ചെടിവരെ നടാം. രാസവളവും കീടനാശിനിയും പ്രയോഗിക്കാത്ത ജോസ്‌ഗിരിയിലെ കാബേജിന് ഇപ്പോള്‍ സമീപപ്രദേശത്തുകാര്‍ മാത്രമാണ് ആവശ്യക്കാര്‍. വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷിചെയ്യുന്ന കുര്യാച്ചന്റെ പുരയിടത്തില്‍ വാനിലയ്‌ക്ക് പുറമെ സീസണനുസരിച്ച് പച്ചമുളകും, വെണ്ടയും, വഴുതനയും, ചീരയും, കാബേജും, കോളിഫ്‌ളവറും എല്ലാം വളരുന്നു.
'ഇവിടെയെനിക്ക് മണ്ണിനേക്കാള്‍കൂടുതല്‍ പാറയാ' എന്ന് അല്‌പം അതിശയോക്തികലര്‍ത്തി പറയുന്ന കുര്യാച്ചന് പാറക്കെട്ടുനിറഞ്ഞ ചെങ്കുത്തായ മലനിരയില്‍ കൃഷി ചെയ്യാന്‍ സ്വന്തമായ ചിലവഴികളുണ്ട്. സില്‍പോളിന്‍ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ നൂറ്റമ്പതോളം കൂടുകള്‍ മണ്ണ്‌നിറച്ച് പാറകളിലും കയ്യാലകളിലും നിരത്തിയാണ് അദ്ദേഹം പ്രകൃതിയുടെ പരിമിതിയെ മറികടക്കുന്നത്. 120 മുതല്‍ 150 വരെ ജി.എം.എസ്. കനമുള്ള സില്‍പോളിനാണ് കൂടുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കുര്യാച്ചന്‍ സ്വന്തമായി ഡിസൈന്‍ചെയ്‌ത കവറിന് 3.5ണ്‍1.5 അടി വലിപ്പമുണ്ടാകും. 17 രൂപയാണ് ഒന്നിന്റെ നിര്‍മാണ ചെലവ്. 'ചുവട് ചതുരത്തില്‍ വരത്തക്കവിധം വേണം തയ്‌ക്കാന്‍. ആദ്യം കൂടിന്റെ പകുതിഭാഗം മണ്ണിട്ട് നിറയ്‌ക്കും. പിന്നെ വളരുന്നതിനനുസരിച്ച് മണ്ണും വളവും ഇട്ടുകൊടുത്താല്‍ മതി'. പ്ലാസ്റ്റിക് ചാക്കിനെയും പോളിത്തീന്‍ കവറിനെയും ചെടിച്ചട്ടിയെയും അപേക്ഷിച്ച് സില്‍പോളിന്‍ കൂടിന് മറ്റുചില ഗുണങ്ങളും ഉണ്ടെന്ന് കുര്യാച്ചന്‍ പറയുന്നു. 'സില്‍പോളിനില്‍ ലെഡിന്റെഅംശം ഉള്ളതുകൊണ്ട് ചൂട് കൂടുമ്പോള്‍ കൂട്‌വികസിക്കും. അതുകൊണ്ട് കൂടിനും മണ്ണിനും ഇടയില്‍ ഈര്‍പ്പം നിലനില്‍ക്കും. ഉറുമ്പ് ശല്യവും കുറവായിരിക്കും. തരിശുഭൂമി കൃഷിയോഗ്യമാക്കിയതിലെ ഈ മികവിന് ചെറുപുഴപ്പഞ്ചായത്ത് കുര്യാച്ചനെ പുരസ്‌കാരംനല്‌കി ആദരിച്ചിട്ടുണ്ട്.
ചാണകവും മണ്ണിരക്കമ്പോസ്റ്റും പച്ചിലവളവുമൊക്കെ വളമായി ഉപയോഗിക്കുന്ന കുര്യാച്ചന് തന്റെ വിളകള്‍ക്ക് നല്‌കാന്‍ വിശിഷ്ടമായ മറ്റൊന്നുകൂടിയുണ്ട്. അഗ്നിഹോത്രകുണ്ഡത്തില്‍നിന്ന് ലഭിക്കുന്ന ചാരം. 'നല്ലൊരു വളമാണത്, മനുഷ്യര്‍ക്ക് നല്ലൊരു ഔഷധവും'. കുര്യാച്ചന്റെ ഭാര്യ ഷൈനി പറയുന്നു. മഴക്കാലത്ത് വെള്ളംശേഖരിക്കാന്‍ സില്‍പോളിന്‍ കൊണ്ട് കൃത്രിമകുളം തീര്‍ത്ത കുര്യാക്കോസ് ജല സംരക്ഷണത്തില്‍ കാവുകളുടെ പ്രാധാന്യവും തിരിച്ചറിയുന്നു. തന്റെപറമ്പിലെ നീരുറവയ്‌ക്ക് ചുറ്റും കാവ്‌തീര്‍ത്ത് പക്ഷിക്കും, പാമ്പിനും, മറ്റ് ജീവജാലങ്ങള്‍ക്കും കൂടൊരുക്കുന്നു ഈ ജൈവകര്‍ഷകന്‍. ഇവിടെ നിന്നുയരുന്ന 'അഗ്‌നയേ സ്വാഹ അഗ്‌നയേ ഇദം നമമ പ്രജാപതയേ സ്വാഹ പ്രജാപതയേ ഇദം നമമ' എന്ന മന്ത്രം എല്ലാംതരുന്ന പ്രകൃതിയോട് ഇതൊന്നും എന്‍േറതല്ല, എല്ലാം നിന്‍േറതു തന്നെ എന്ന സമര്‍പ്പണമാണ്.
Sunday, August 24, 2008
പുകവലിക്കാരും പൊണ്ണത്തടിയന്മാരും ജാഗ്രതൈ!
ശുഭകരമായതൊന്നും കേള്‍ക്കാന്‍ പുകവലിക്കാര്‍ക്കും പൊണ്ണത്തടിയന്മാര്‍ക്കും യോഗമില്ല. അര്‍ബുദം മുതല്‍ ഹൃദ്രോഗംവരെ വരാനുള്ള സാധ്യത മുന്‍നിര്‍ത്തി 'അഭ്യുദയകാംക്ഷികളുടെ' മാനസികപീഡനത്തിന് ഇരയാകുന്നുണ്ട് ഇരുകൂട്ടരും. ഒടുവിലിതാ, കേള്‍വിക്കുറവിനുകൂടി പൊണ്ണത്തടിയും പുകവലിയും കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നു.'ജേര്‍ണല്‍ ഓഫ് ദി അസോസിയേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ടു ഒട്ടോലാറിങ്കോളജി'യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉള്ളത്.53നും 67നും മധ്യേ പ്രായമുള്ള നാലായിരത്തിലധികം പേരെ ഗവേഷണത്തിന് വിധേയമാക്കിയിരുന്നു. ഹൈ ഫ്രീക്വസിയിലുള്ള ശബ്ദങ്ങള്‍ സ്വീകരിക്കാനുള്ള ശേഷി പുകവലിക്കാരിലും പൊണ്ണത്തടിയന്മാരിലും കുറയുന്നതായാണ് ഗവേഷണം തെളിയിച്ചത്. ഒരാള്‍ എത്രകാലം പുകവലിച്ചുവെന്നോ, അയാളുടെ തടി (ബോഡിമാക്‌സ് ഇന്‍ഡക്‌സ്) എത്രയെന്നതോ ആശ്രയിച്ചായിരിക്കും കേള്‍വിക്കുറവിന്റെ അളവ്. രക്തപ്രവാഹം കുറയുന്നതോടെ ചെവിയിലേക്ക് മതിയായ ഓക്‌സിജന്‍ എത്താതെവരികയും ചെവിയില്‍ വിഷാംശങ്ങള്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഇങ്ങനെയാണ് കേള്‍വിശക്തി കുറയുന്നത് . ''ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെയല്ല ചെവി. ഒരിക്കല്‍ കേടുപാട് സംഭവിച്ചാല്‍ പിന്നീട് അത് ശരിയാവാനുള്ള സാധ്യത വിരളമാണ്''-ഗവേഷകസംഘത്തിലുണ്ടായിരുന്ന ബെല്‍ജിയം ആന്‍ഡ് വെര്‍പ് സര്‍വകലാശാലയിലെ ഡോ. എറിക് ഫ്രാന്‍സെന്‍ പറയുന്നു.കുറച്ചുകാലം കഴിയുമ്പോള്‍ പുകവലി നിര്‍ത്താം എന്നു കരുതുന്ന ചെറുപ്പക്കാര്‍ക്ക് പുതിയ വെളിപ്പെടുത്തല്‍ ഒരു മുന്നറിയിപ്പാണെന്ന് 'ആക്ഷന്‍ ഓണ്‍ സേ്മാക്കിങ് ആന്‍ഡ് ഹെല്‍ത്ത്' എന്ന സംഘടനയിലെ അമന്‍ഡ സാന്‍ഡ് ഫോര്‍ഡ് അഭിപ്രായപ്പെട്ടു.മധ്യവയസ്‌കരിലെ പുകവലി ഡിമെന്‍ഷ്യ (മേധാക്ഷയം)യുടെ വരവിന് വേഗകൂട്ടുമെന്ന് മറ്റൊരു പഠനവും വെളിപ്പെടുത്തുന്നു. പാരീസ് സര്‍വകലാശാലയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ജി.കെ.
Friday, August 22, 2008
ഓടി ആയുസ്സ് നേടാം

ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഓട്ടം ഒരു ശീലമാക്കാനാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരുടെ ഉപദേശം.ഹൃദ്രോഗത്തെ മാത്രമല്ല, കാന്‍സറിനെയും അല്‍ഷൈമേഴ്‌സ് പോലുള്ള നാഡിസംബന്ധമായ രോഗങ്ങളെയും ബഹുദൂരം മാറ്റിനിര്‍ത്താന്‍ ഓട്ടത്തിനു കഴിയുമെന്ന് ആര്‍ക്കൈവ്‌സ് ഓഫ് ഇന്‍േറണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെയുള്ള 500 പേരെയാണ് ഗവേഷകസംഘം ഇരുപതിലേറെ വര്‍ഷം നീണ്ട നിരീക്ഷണത്തിനു വിധേയമാക്കിയത്. 1984-ല്‍ പഠനം തുടങ്ങുമ്പോള്‍ ഏതാണ്ട് ഒരേ സാമൂഹിക, സാമ്പത്തിക ചുറ്റുപാടില്‍നിന്നുള്ളവരും അന്‍പതു വയസ്സിനു മുകളില്‍ ഉള്ളവരുമായിരുന്നു ഇവര്‍. ഇവരില്‍ ഓട്ടം ശീലമാക്കിയവരുടെ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം വരെ കുറവായിക്കണ്ടു. ആഴ്ചയില്‍ 200 മിനിറ്റിലധികം ഓട്ടത്തിനു സമയം കണ്ടെത്തിയവരായിരുന്നു കൂടുതല്‍ ആരോഗ്യവാന്മാര്‍.എന്നാല്‍ ഓട്ടം തന്നെ വേണമെന്നില്ല. കടുത്ത ഏത് ശാരീരിക വ്യായാമവും ഫലം ചെയ്യുമെന്ന അഭിപ്രായമാണ് ഗവേഷകസംഘത്തിലെ ഡോ. ജയിംസ് ഫ്രൈസ് മുന്നോട്ടു വെക്കുന്നത്.
ജീ കെ
Thursday, August 21, 2008
മനസ്സംഘര്‍ഷം പ്രതിരോധശേഷി കുറയ്ക്കും

മത്സരാധിഷ്ഠിതമായ ആധുനിക ലോകത്ത് മനോസംഘര്‍ഷം ഇല്ലാത്തവര്‍ വിരളം. പക്ഷേ, മനോസംഘര്‍ഷത്തെ 'വരുതിക്ക്' നിര്‍ത്താനായില്ലെങ്കില്‍ അത് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത്. ലോസ് ആഞ്ജലിസിലെ കാലിഫോര്‍ണിയ സര്‍വകലാശാല അവിടത്തെ ഗവേഷകരുടെ തന്നെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയപ്പോഴാണ് 'കടുത്ത മനോസംഘര്‍ഷം (Accute stress) സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെട്ടത്.കടുത്ത മനോസംഘര്‍ഷം ഉള്ളവരുടെ രോഗ പ്രതിരോധ ശേഷിക്ക് പെട്ടെന്ന് 'വാര്‍ധക്യം' ബാധിക്കുന്നതായാണ് പഠനത്തില്‍ നിരീക്ഷിച്ചത്. കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആണ് ഇവിടെ വില്ലന്‍. അമിതമായ മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ കോര്‍ട്ടിസോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.വളരാനും വിഭജിച്ച് പുതിയവക്ക് രൂപം നല്‍കാണും ഉള്ള കോശങ്ങളുടെ കഴിവിനെയാണ് കോര്‍ട്ടിസോള്‍ ബാധിക്കുന്നത്. 'ടെലോമെറേസ്' എന്ന എന്‍സൈം ആണ് കോശങ്ങള്‍ക്ക് ഈ കഴിവ് നല്‍കുന്നത്. ടെലോമെറേസ് എന്‍സൈം പ്രവര്‍ത്തനക്ഷമമാക്കാനുള്ള കോശങ്ങളുടെ കഴിവ് കോര്‍ട്ടിസോളിന്റെ സാന്നിധ്യം കുറയ്ക്കുന്നു. മനോസംഘര്‍ഷം ഉള്ളവര്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള കാരണവും ഇതുതന്നെ. രക്തത്തില്‍ കോര്‍ട്ടിസോളിന്റെ നിരന്തര സാന്നിധ്യം ഉണ്ടായാല്‍ രോഗ പ്രതിരോധസംവിധാനം താളം തെറ്റും. അതുകൊണ്ട് നല്ല നാളേയ്ക്ക് ജീവിതത്തെ നമുക്ക് 'ടെന്‍ഷന്‍ ഫ്രീ' ആക്കാം.
ജി.കെ.
Tags: Accute stress
ജി.കെ.
Tags: Accute stress
ആത്മഹത്യക്കു പിന്നില്‍

ആത്മഹത്യയുടെ കാരണമെന്താണ്? ഒരാളുടെ മനോനില മാത്രമാണോ ആത്മഹത്യയിലേക്ക് നയിക്കുന്നത്? അതോ ശരീരത്തില്‍ നടക്കുന്ന ഏതെങ്കിലും രാസമാറ്റങ്ങളുടെ ഫലമാണോ ആത്മഹത്യ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ഗവേഷണങ്ങള്‍ക്ക് ഫലം കണ്ടു. തലച്ചോറില്‍ ഒരു പ്രത്യേകതരം പ്രോട്ടീന്റെ സാന്നിധ്യം വര്‍ദ്ധിക്കുന്നതാണ് ഒരാളെ കടുത്ത വിഷാദത്തിലേക്കോ ആത്മഹത്യയിലേക്കോ തള്ളിവിടുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.ലണ്ടനിലെ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലെ മൈക്കിള്‍ പൗള്‍ട്ടറും ഒട്ടാവയിലെ കാര്‍ലെട്ടണ്‍ സര്‍വകലാശാലയിലെ ഹൈമി അനിസ്മാനും ചേര്‍ന്നാണ് ആത്മഹത്യയെക്കുറിച്ചുള്ള ഗവേഷണം നടത്തിയത്.സ്വാഭാവിക മരണമോ ഹൃദയാഘാതം കൊണ്ടുള്ള മരണമോ സംഭവിച്ചവരുടെയും ആത്മഹത്യ ചെയ്തവരുടെയും തലച്ചോറുകള്‍ ആണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ആത്മഹത്യ ചെയ്തവരുടെ തലച്ചോറില്‍ ഒരു പ്രത്യേകതരം പ്രോട്ടീന്റെ സാന്നിധ്യം മറ്റുള്ളവരെ അപേക്ഷിച്ച് പത്തു മടങ്ങ് വരെ അധികമായി കണ്ടു. രാസപരമായി ഡി.എന്‍.എ.യില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ളവയാണ് ഈ പ്രോട്ടീനുകള്‍. എപ്പിജെനോമിക് റെഗുലേഷന്‍ (Epigenomic Regulation)എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ ഡി.എന്‍.എ.യില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഉത്കണ്ഠയും മാനസിക പിരിമുറുക്കവും വര്‍ധിക്കുകയും അങ്ങനെ ആത്മഹത്യയിലേക്കോ കടുത്ത വിഷാദത്തിലേക്കോ വ്യക്തിയെ തള്ളിവിടുകയും ചെയ്യുന്നു.പുതിയ കണ്ടെത്തല്‍ മാനസികാരേഗ്യ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മനസ്സിനെ ബാധിക്കുന്ന ഒട്ടേറെ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ ഗവേഷണഫലം സഹായകമാവുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ജി.കെ
ജി.കെ
സാവകാശം കഴിക്കൂ, തടി കുറയ്ക്കാം

ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിച്ചാല്‍ 'പൊണ്ണത്തടി' ഒഴിവാക്കാമെന്ന് ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചാല്‍ ദഹനം എളുപ്പമാകും എന്ന ആരോഗ്യപാഠം പണ്ടേ പ്രചരിച്ചതെങ്കിലും, ഇതിനെ ശരീരഭാരവുമായി ബന്ധപ്പെടുത്തി പഠിച്ചത് കിങ്സ്റ്റണിലെ റോഡ് ഐലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ്. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നവരില്‍ അമിതാഹാരം കഴിക്കാനുള്ള പ്രവണത ആഹാരം 'വെട്ടിവിഴുങ്ങു'ന്നവരെ അപേക്ഷിച്ചു കുറവാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്റെ ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാവധാനം ഭക്ഷണം കഴിക്കുമ്പോള്‍ 'വയറു നിറഞ്ഞു' എന്ന സിഗ്‌നനല്‍ നല്‍കാന്‍ ശരീരത്തിന് മതിയായ സമയം ലഭിക്കുന്നു. എന്നാല്‍ ധൃതിയില്‍ ഭക്ഷണം വെട്ടിവിഴുങ്ങുമ്പോള്‍ സിഗ്‌നനല്‍ വൈകുകയും ഭക്ഷണം അമിതമാവുകയും ചെയ്യും. ഇതാണ് 'പൊണ്ണത്തടി'യായി മാറുന്നത്- ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ അന എം. ആന്‍ഡേഴ്‌സ് പറയുന്നു. മുപ്പതു യുവതികളിലാണ് ഗവേഷണം നടത്തിയത്. ആദ്യദിവസം എല്ലാവരോടും പെട്ടെന്ന് ഭക്ഷണം കഴിച്ചുതീര്‍ക്കാനാണ് ഗവേഷകര്‍ ആവശ്യപ്പെട്ടത്. രണ്ടാം ദിവസം സാവകാശം ചവച്ചരച്ചു കഴിക്കാനും. ചവച്ചരച്ചു ഭക്ഷണം കഴിച്ചപ്പോള്‍ കുറഞ്ഞ അളവിലുള്ള ഭക്ഷണം മാത്രമേ ശരീരത്തിനാവശ്യമായി വന്നുള്ളൂ. ഇതില്‍നിന്നാണ് ഗവേഷകസംഘം നിഗമനത്തില്‍ എത്തിയത്. ഈ നിഗമനം പുരുഷന്മാര്‍ക്ക് ബാധകമാണോയെന്നറിയാന്‍ ഇനിയും പഠനങ്ങള്‍ വേണ്ടിവരും.
ജി.കെ.
ജി.കെ.
Subscribe to:
Posts (Atom)

