Friday, October 31, 2008
സിനിമയില്‍ ബാഡ്മിന്റണ്‍ താരമാകാന്‍ ദീപികയ്ക്ക് മോഹം
അച്ഛനെപ്പോലെ ഒരു വലിയ ബാഡ്മിന്റണ്‍ താരമാകാനൊന്നും ഒരു പക്ഷേ, ദീപിക പദുക്കോണിനാവില്ല. പക്ഷേ, സിനിമയിലെങ്കിലും ഒരു ബാഡ്മിന്റണ്‍ താരമായി പ്രത്യക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?''ഹോക്കിക്ക്‌വേണ്ടി 'ചക്‌ദെ ഇന്ത്യ' ചെയ്തതോര്‍മയില്ലേ? അതേ പോലൊരു ചിത്രം ബാഡ്മിന്റണു വേണ്ടി ചെയ്യണം എന്നാണെന്റെ ആഗ്രഹം''-പ്രശസ്ത ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക പറയുന്നു. ഷാരൂഖ്ഖാന്റെ ഓം ശാന്തി ഓമിലൂടെ സിനിമാരംഗത്ത് എത്തിയ ദീപിക ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ്.അച്ഛനോടൊപ്പം ബാഡ്മിന്റണ്‍ കളിച്ച അനുഭവമുള്ള തനിക്ക് ഒരു ബാഡ്മിന്റണ്‍ താരത്തിന്റെ വേഷം നന്നായി ഇണങ്ങുമെന്ന് ദീപിക പറയുന്നു. ''ഇന്ത്യന്‍ കായികരംഗത്തിന് എനിക്ക് കഴിയാവുന്ന സഹായം ചെയ്യണം എന്നാണന്റെ ആഗ്രഹം''.നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന 'ചാന്ദ്‌നിചൗക്ക്' എന്ന ചിത്രത്തില്‍ ഒരു ചെറിയ ചൈനീസ് പെണ്‍കുട്ടിയുടെ വേഷത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സംഘട്ടനരംഗങ്ങളിലും ദീപിക പ്രത്യക്ഷപ്പെടുന്നുണ്ട്. ''ഇത്തരമൊരു ആക്ഷന്‍ കാരക്ടര്‍ ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതിന് അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. ഭാഗ്യത്തിന് എന്റെ എല്ലൊന്നും ഒടിഞ്ഞില്ല. പക്ഷേ, കാലിന്റെ കുഴ രണ്ടുതവണ തെറ്റി. പക്ഷേ, ആക്ഷന്‍ രംഗങ്ങള്‍ ഞാന്‍ നന്നായി ആസ്വദിച്ചു''- ദീപിക പറഞ്ഞു.
അടുത്ത ചിത്രത്തിലും ബോണ്ട് ക്രെയ്ഗ് തന്നെ
അടുത്ത ബോണ്ട് ചിത്രത്തിലും ഡാനിയല്‍ ക്രെയ്ഗ് തന്നെയായിരിക്കും നായകനെന്ന് നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി. ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ ബോണ്ട് ചിത്രം 'ക്വാണ്ടം ഓഫ് സൊളിസി'ലും മുന്‍ ചിത്രം 'കാസിനോ റോയലി'ലും ക്രെയ്ഗ് തന്നെയായിരുന്നു നായകന്‍. ''അടുത്ത ചിത്രത്തില്‍ അദ്ദേഹത്തെ നായകനാക്കിയില്ലെങ്കില്‍ അതൊരു വിഡ്ഢിത്തമായിരിക്കും. ഇതുവരെയുള്ള ബോണ്ട് താരങ്ങളില്‍ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. പ്രേക്ഷകര്‍ അദ്ദേഹത്തെ അത്രയധികം സ്നേഹിക്കുന്നു'' - കോ- പ്രൊഡ്യൂസര്‍ മൈക്കിള്‍ വില്‍സണ്‍ പറയുന്നു. നായിക ഓള്‍ഗ കുറിലെങ്കോ അടുത്ത ചിത്രത്തില്‍ ഉണ്ടാവാനുള്ള സാധ്യതയും നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി തള്ളിക്കളയുന്നില്ല. ''അവര്‍ പ്രേക്ഷക ശ്രദ്ധ നേടുന്ന ഒരു നടിയാണ്. മാത്രമല്ല, ഈ ചിത്രത്തില്‍ അവരുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. അവര്‍ തിരിച്ചുവരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അടുത്ത ചിത്രത്തിലല്ലെങ്കില്‍ ഭാവിയിലെങ്കിലും''-അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച പ്രദര്‍ശനശാലകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നു.രാജകുമാരന്മാരായ വില്യം, ഹാരി എന്നിവരടക്കം ഒട്ടേറെ പ്രമുഖരും താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആദ്യ പ്രദര്‍ശനത്തിന് എത്തിയിരുന്നു. മാര്‍ക്ക് ഫോസ്റ്റര്‍ സംവിധാനം ചെയ്ത 'ക്വാണ്ടം ഓഫ് സൊളിസ്' 22-ാമത്തെ ബോണ്ട് ചിത്രമാണ്.
തന്റെ നഗ്നചിത്രങ്ങള്‍ കലാമൂല്യമുള്ളതെന്ന് ബോണ്ട് താരം
പ്രശസ്തരായ നടികള്‍ നഗ്നചിത്രങ്ങള്‍ക്ക് പോസുചെയ്യുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് പുതിയ ബോണ്ട് ചിത്രത്തിലെ നായിക ഓള്‍ഗ കുറിലെങ്കോ. വസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടുന്ന എല്ലാ ചിത്രങ്ങളും അശ്ലീലമാണ് എന്നു കരുതുന്നതാണ് തെറ്റെന്ന് ഓള്‍ഗ പറയുന്നു. ''നഗ്നരായി പ്രത്യക്ഷപ്പെടാത്ത നടികള്‍ കുറവാണ്. അത്ര അസാധാരണമല്ല അത്. പക്ഷേ, എന്റെ ചിത്രങ്ങള്‍ കലാപരമാണ്, അവയൊന്നും അശ്ലീല ചിത്രങ്ങളല്ല. ഇരുളും വെളിച്ചവും സമഞ്ജസമായി ഉപയോഗിച്ച് മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത കലാമൂല്യമുള്ള ചിത്രങ്ങളാണവ''-ഓള്‍ഗ പറയുന്നു. 'ക്വാണ്ടം ഓഫ് സൊളിസ്' എന്ന പുതിയ ബോണ്ട് ചിത്രത്തിലെ നായികയായ ഓള്‍ഗയുടെ ഒട്ടേറെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. 'ദി റിങ് ഫിങ്കര്‍' എന്ന സെക്‌സ് ചിത്രത്തിലെ ഓള്‍ഗയുടെ ഒരു രംഗവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷേ, ഇതൊക്കെ തന്റെ ജോലിയുടെ ഭാഗമാണെന്ന് അവര്‍ പറയുന്നു. ''ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും ഞാന്‍ ആസ്വദിക്കുന്നു എന്നര്‍ഥമില്ല. പക്ഷേ, അതെല്ലാം എന്റെ ജോലിയുടെ ഭാഗമായിരുന്നു''-ഓള്‍ഗ പറയുന്നു. ക്വാണ്ടം ഓഫ് സൊളിസില്‍ ബോണ്ട് താരം ഡാനിയല്‍ ക്രേഗിന്റെ സഹചാരിണിയാണ് ഓള്‍ഗ അവതരിപ്പിക്കുന്ന കഥാപാത്രം.
Thursday, October 30, 2008
ഗ്ലാമറിന്റെ കഥപറഞ്ഞ് 'ഫാഷന്‍'
മാഡലിങ് രംഗത്തെ പിന്നാമ്പുറക്കഥകളുമായി 'ഫാഷന്‍' പ്രദര്‍ശന ശാലകളിലെത്തി. 'ചാന്ദ്‌നിബാര്‍, പേജ് 3', 'ട്രാഫിക് സിഗ്‌നനല്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ വിസ്മയം സൃഷ്ടിച്ച ചലച്ചിത്രകാരന്‍ മധൂര്‍ ഭണ്ഡാര്‍ക്കറാണ് 'ഫാഷന്‍' സംവിധാനം ചെയ്തിരിക്കുന്നത്.ഒരുകാലത്ത് ഡല്‍ഹിയിലെ പ്രശസ്ത മോഡലായിരുന്ന ഗീതാഞ്ജലി നാഗ്പാലിന്റെ ജീവിതമാണ് ഇത്തരമൊരു സിനിമയ്ക്ക് പ്രചോദനമായതെന്ന് വാര്‍ത്ത പരന്നിരുന്നെങ്കിലും സംവിധായകന്‍ അത് നിഷേധിച്ചിരുന്നു. പ്രശസ്തിയില്‍ നിന്നും സമ്പന്നതയില്‍ നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ ഗീതാഞ്ജലി ജീവിക്കാനായി ഭിക്ഷയാചിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന കാലത്തായിരുന്നു ഭണ്ഡാര്‍ക്കര്‍ 'ഫാഷന്‍' എന്ന ചിത്രത്തിന് തുടക്കം കുറിച്ചത്.ഒരു ചെറുപട്ടണത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച മേഘ്‌നാ മാത്തൂര്‍ എന്ന യുവതി വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് മോഡലിങ് രംഗത്തെത്തുന്നു. വെറും ഒരു മോഡലിനപ്പുറം 'സൂപ്പര്‍ മോഡല്‍' ആവാനാണ് അവളുടെ ആഗ്രഹം. മേഘ്‌നയുടെ കഥയിലൂടെ ഫാഷന്‍ രംഗത്തെ, പിന്നാമ്പുറക്കഥകള്‍ പ്രേക്ഷകരില്‍ എത്തിക്കാനാണ് സംവിധായകന്റെ ശ്രമം. മേഘ്‌ന എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കാ ചോപ്രയാണ്. നടി കങ്കണ റനൗത്താണ് ഗീതാഞ്ജലി നാഗ്പാലിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ അര്‍ജുന്‍ ബാവയാണ് പ്രിയങ്കയുടെ നായകന്‍. മുഗ്ധ ഗോഡ്‌സെയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഏറ്റവും പോസിറ്റീവായ ചിത്രമാണിത് എന്നാണ് നായിക പ്രിയങ്കാ ചോപ്ര 'ഫാഷനെ'ക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ചിത്രം ഒരുക്കുന്നതിന് മുമ്പായി താന്‍ 80 ഫാഷന്‍ ഷോകള്‍ കണ്ടതായി സംവിധായകന്‍ പറയുന്നു. രാജ്യത്തെ പ്രധാന ഡിസൈനര്‍മാരുമായും മോഡലുകളുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു
Sunday, October 26, 2008
കഷണ്ടിയുടെ ജനിതകരഹസ്യം

അകാലത്തിലെ 'കഷണ്ടി' ഭയപ്പെടുത്താത്തവര്‍ വിരളം. മുപ്പത് കഴിയും മുമ്പ് മുടി കൊഴിഞ്ഞ് കഷണ്ടിക്കാരാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയും ചെയ്യുന്നു. എന്നാല്‍ കഷണ്ടിയുടെ രഹസ്യം തേടിപ്പോവുക തന്നെ എന്നായി ഒരു സംഘം ഗവേഷകര്‍.ബ്രാഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. വാല്‍ റാന്‍ഡലിന്റെ നേതൃത്വത്തിലുള്ള സംഘം ഒടുവില്‍ കഷണ്ടിയുടെ 'ജനിതക രഹസ്യം' കണ്ടെത്തി.'ആന്‍ഡ്രോജന്‍ റിസ്പറ്റര്‍' ജീനുകള്‍ക്ക് പുറമെ 'ക്രോമോസോം 20' ജീനുകളും കഷണ്ടി സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. അയ്യായിരം പേരുടെ ഡി.എന്‍.എ. പരിശോധന നടത്തിയാണ് ഗവേഷക സംഘം ഈ നിഗമനത്തില്‍ എത്തിയത്. 'നേച്വര്‍ ജനിറ്റിക്‌സ്' മാസികയിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കഷണ്ടി സാധ്യത തിരിച്ചറിയാനും കാലേക്കൂട്ടി ചികിത്സ തുടങ്ങാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.'നേച്വര്‍ ജനറ്റിക്‌സ്' മാസികയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിലും മുടികൊഴിച്ചിലും 'ക്രോമോസോം 20' ജീനുകളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിട്ടുണ്ട്.ആന്‍ഡ്രോജന്‍ ജീനുകള്‍ക്ക് മുടി കൊഴിച്ചിലുമായുള്ള ബന്ധം ശാസ്ത്രലോകം മുമ്പേ തിരിച്ചറിഞ്ഞിരുന്നെങ്കിലും 'ക്രോമോസോം 20' ജീനുകളുടെ വില്ലന്‍വേഷം ഗവേഷകര്‍ക്ക് പുതിയ അറിവായിരുന്നു. ആന്‍ഡ്രോജന്‍ ജീനുകള്‍ അമ്മയില്‍ നിന്ന് എക്‌സ് ക്രോമോസോം വഴിയാണ് കുട്ടികളിലെത്തുന്നത്. എന്നാല്‍ 'ക്രോമോസോം 20' അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കാം. കഷണ്ടിയുണ്ടാവാനുള്ള പാരമ്പര്യ സാധ്യത കൂടുന്നുവെന്നര്‍ഥം.നിലവില്‍ കഷണ്ടിക്ക് പ്രതിവിധിയൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പുതിയ കണ്ടുപിടുത്തം മരുന്ന് കമ്പനികള്‍ക്ക് ഉത്തേജനം ആയിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മുടികൊഴിച്ചില്‍ തടയാനുള്ള ആധികാരികമായ ഔഷധങ്ങള്‍ക്കായി പുതിയ ഗവേഷണങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ പ്രചോദനം ആയേക്കാം. എല്ലാവരും 'മുടിയന്മാരായ' നല്ലകാലം ഇനി അകലെയല്ല എന്ന് പ്രത്യാശിക്കാം.
Saturday, October 11, 2008
അശാന്ത മാനസം അലര്‍ജിയുടെ കാഠിന്യം കൂട്ടും

മാനസിക പിരിമുറുക്കത്തിനെതിരെയുള്ള 'കുറ്റപത്ര'ത്തില്‍ ദിനംപ്രതി പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയാണ് ഗവേഷകര്‍. ഹൃദ്രോഗം മുതല്‍ സെര്‍വിക്കല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കു മാനസിക പിരിമുറുക്കം കാരണമാവുന്നു എന്ന് നേരത്തേ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഗര്‍ഭിണികള്‍ ജന്മം കൊടുത്ത കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറയുന്നുവെന്ന് അടുത്തിടെയാണ് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ കണ്ടെത്തിയത്.'മാനസിക പിരിമുറുക്കം' അലര്‍ജി സാധ്യതയും അതിന്റെ കാഠിന്യവും വര്‍ധിപ്പിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒഹിയോ സര്‍വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം പ്രൊഫസറും മാനസിക പിരിമുറുക്കത്തെക്കുറിച്ചുള്ള ഗവേഷകയുമായ ജാന്‍ കീ കോള്‍ട്ട് ഗ്ലേസര്‍ ആണ് അലര്‍ജിയും മാനസിക പിരിമുറുക്കവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയത്.മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജി ഏറെനേരം നീണ്ടു നില്‍ക്കുന്നതും കൂടുതല്‍ ശക്തവും ആണെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ അതേ അളവില്‍ നിലനിന്നാലും മാനസിക പിരിമുറുക്കം ഇല്ലാത്ത അവസരത്തില്‍ അവ അത്രകണ്ട് ബാധിക്കുന്നില്ലെന്നും സംഘം നിരീക്ഷിച്ചു.അലര്‍ജിയുടെ പശ്ചാത്തലമുള്ള 28 പേരെ രണ്ടര ദിവസം വ്യത്യസ്തമായ മാനസിക സാഹചര്യങ്ങളില്‍ നിരീക്ഷിച്ച ശേഷമാണ് ഗവേഷകസംഘം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ച ഒരാള്‍ക്ക് അടുത്ത ദിവസം അലര്‍ജി വര്‍ധിക്കുന്നതായും ഡോ. ഗ്ലേസര്‍ പറയുന്നു. ഈ കണ്ടെത്തല്‍ അലര്‍ജി ചികിത്സയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അവര്‍ പറയുന്നു. കാരണം അലര്‍ജിക്ക് പ്രതിവിധിയായി സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്റിഹിസ്റ്റാമിന്‍സ് (Antihistamines) പിറ്റേ ദിവസം ഉണ്ടാവുന്ന അലര്‍ജിയെ നിയന്ത്രിക്കാന്‍ മതിയാവില്ല. 'ആസ്ത്മ' ഉള്ള അലര്‍ജിക്കാരില്‍ മാനസിക പിരിമുറുക്കം കൂടിയുണ്ടായാല്‍ അതു മാരകമായിരിക്കും എന്നും ഡോ. ഗ്ലേസര്‍ അഭിപ്രായപ്പെടുന്നു.ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിലാണ് ഡോ. ജാന്‍കി കോള്‍ട്ട് ഗ്ലേസര്‍ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
ജി.കെ.
Subscribe to:
Posts (Atom)

