Thursday, October 30, 2008

ഗ്ലാമറിന്റെ കഥപറഞ്ഞ് 'ഫാഷന്‍'

മാഡലിങ് രംഗത്തെ പിന്നാമ്പുറക്കഥകളുമായി 'ഫാഷന്‍' പ്രദര്‍ശന ശാലകളിലെത്തി. 'ചാന്ദ്‌നിബാര്‍, പേജ് 3', 'ട്രാഫിക് സിഗ്‌നനല്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ വിസ്മയം സൃഷ്ടിച്ച ചലച്ചിത്രകാരന്‍ മധൂര്‍ ഭണ്ഡാര്‍ക്കറാണ് 'ഫാഷന്‍' സംവിധാനം ചെയ്തിരിക്കുന്നത്.ഒരുകാലത്ത് ഡല്‍ഹിയിലെ പ്രശസ്ത മോഡലായിരുന്ന ഗീതാഞ്ജലി നാഗ്പാലിന്റെ ജീവിതമാണ് ഇത്തരമൊരു സിനിമയ്ക്ക് പ്രചോദനമായതെന്ന് വാര്‍ത്ത പരന്നിരുന്നെങ്കിലും സംവിധായകന്‍ അത് നിഷേധിച്ചിരുന്നു. പ്രശസ്തിയില്‍ നിന്നും സമ്പന്നതയില്‍ നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ ഗീതാഞ്ജലി ജീവിക്കാനായി ഭിക്ഷയാചിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന കാലത്തായിരുന്നു ഭണ്ഡാര്‍ക്കര്‍ 'ഫാഷന്‍' എന്ന ചിത്രത്തിന് തുടക്കം കുറിച്ചത്.ഒരു ചെറുപട്ടണത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച മേഘ്‌നാ മാത്തൂര്‍ എന്ന യുവതി വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് മോഡലിങ് രംഗത്തെത്തുന്നു. വെറും ഒരു മോഡലിനപ്പുറം 'സൂപ്പര്‍ മോഡല്‍' ആവാനാണ് അവളുടെ ആഗ്രഹം. മേഘ്‌നയുടെ കഥയിലൂടെ ഫാഷന്‍ രംഗത്തെ, പിന്നാമ്പുറക്കഥകള്‍ പ്രേക്ഷകരില്‍ എത്തിക്കാനാണ് സംവിധായകന്റെ ശ്രമം. മേഘ്‌ന എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കാ ചോപ്രയാണ്. നടി കങ്കണ റനൗത്താണ് ഗീതാഞ്ജലി നാഗ്പാലിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ അര്‍ജുന്‍ ബാവയാണ് പ്രിയങ്കയുടെ നായകന്‍. മുഗ്ധ ഗോഡ്‌സെയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഏറ്റവും പോസിറ്റീവായ ചിത്രമാണിത് എന്നാണ് നായിക പ്രിയങ്കാ ചോപ്ര 'ഫാഷനെ'ക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ചിത്രം ഒരുക്കുന്നതിന് മുമ്പായി താന്‍ 80 ഫാഷന്‍ ഷോകള്‍ കണ്ടതായി സംവിധായകന്‍ പറയുന്നു. രാജ്യത്തെ പ്രധാന ഡിസൈനര്‍മാരുമായും മോഡലുകളുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു

No comments: