Friday, October 31, 2008

അടുത്ത ചിത്രത്തിലും ബോണ്ട് ക്രെയ്ഗ് തന്നെ

അടുത്ത ബോണ്ട് ചിത്രത്തിലും ഡാനിയല്‍ ക്രെയ്ഗ് തന്നെയായിരിക്കും നായകനെന്ന് നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി. ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ ബോണ്ട് ചിത്രം 'ക്വാണ്ടം ഓഫ് സൊളിസി'ലും മുന്‍ ചിത്രം 'കാസിനോ റോയലി'ലും ക്രെയ്ഗ് തന്നെയായിരുന്നു നായകന്‍. ''അടുത്ത ചിത്രത്തില്‍ അദ്ദേഹത്തെ നായകനാക്കിയില്ലെങ്കില്‍ അതൊരു വിഡ്ഢിത്തമായിരിക്കും. ഇതുവരെയുള്ള ബോണ്ട് താരങ്ങളില്‍ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. പ്രേക്ഷകര്‍ അദ്ദേഹത്തെ അത്രയധികം സ്നേഹിക്കുന്നു'' - കോ- പ്രൊഡ്യൂസര്‍ മൈക്കിള്‍ വില്‍സണ്‍ പറയുന്നു. നായിക ഓള്‍ഗ കുറിലെങ്കോ അടുത്ത ചിത്രത്തില്‍ ഉണ്ടാവാനുള്ള സാധ്യതയും നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി തള്ളിക്കളയുന്നില്ല. ''അവര്‍ പ്രേക്ഷക ശ്രദ്ധ നേടുന്ന ഒരു നടിയാണ്. മാത്രമല്ല, ഈ ചിത്രത്തില്‍ അവരുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. അവര്‍ തിരിച്ചുവരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അടുത്ത ചിത്രത്തിലല്ലെങ്കില്‍ ഭാവിയിലെങ്കിലും''-അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച പ്രദര്‍ശനശാലകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നു.രാജകുമാരന്മാരായ വില്യം, ഹാരി എന്നിവരടക്കം ഒട്ടേറെ പ്രമുഖരും താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആദ്യ പ്രദര്‍ശനത്തിന് എത്തിയിരുന്നു. മാര്‍ക്ക് ഫോസ്റ്റര്‍ സംവിധാനം ചെയ്ത 'ക്വാണ്ടം ഓഫ് സൊളിസ്' 22-ാമത്തെ ബോണ്ട് ചിത്രമാണ്.

No comments: