Thursday, August 21, 2008

മനസ്സംഘര്‍ഷം പ്രതിരോധശേഷി കുറയ്ക്കും


മത്സരാധിഷ്ഠിതമായ ആധുനിക ലോകത്ത് മനോസംഘര്‍ഷം ഇല്ലാത്തവര്‍ വിരളം. പക്ഷേ, മനോസംഘര്‍ഷത്തെ 'വരുതിക്ക്' നിര്‍ത്താനായില്ലെങ്കില്‍ അത് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത്. ലോസ് ആഞ്ജലിസിലെ കാലിഫോര്‍ണിയ സര്‍വകലാശാല അവിടത്തെ ഗവേഷകരുടെ തന്നെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയപ്പോഴാണ് 'കടുത്ത മനോസംഘര്‍ഷം (Accute stress) സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെട്ടത്.കടുത്ത മനോസംഘര്‍ഷം ഉള്ളവരുടെ രോഗ പ്രതിരോധ ശേഷിക്ക് പെട്ടെന്ന് 'വാര്‍ധക്യം' ബാധിക്കുന്നതായാണ് പഠനത്തില്‍ നിരീക്ഷിച്ചത്. കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആണ് ഇവിടെ വില്ലന്‍. അമിതമായ മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ കോര്‍ട്ടിസോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.വളരാനും വിഭജിച്ച് പുതിയവക്ക് രൂപം നല്‍കാണും ഉള്ള കോശങ്ങളുടെ കഴിവിനെയാണ് കോര്‍ട്ടിസോള്‍ ബാധിക്കുന്നത്. 'ടെലോമെറേസ്' എന്ന എന്‍സൈം ആണ് കോശങ്ങള്‍ക്ക് ഈ കഴിവ് നല്‍കുന്നത്. ടെലോമെറേസ് എന്‍സൈം പ്രവര്‍ത്തനക്ഷമമാക്കാനുള്ള കോശങ്ങളുടെ കഴിവ് കോര്‍ട്ടിസോളിന്റെ സാന്നിധ്യം കുറയ്ക്കുന്നു. മനോസംഘര്‍ഷം ഉള്ളവര്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള കാരണവും ഇതുതന്നെ. രക്തത്തില്‍ കോര്‍ട്ടിസോളിന്റെ നിരന്തര സാന്നിധ്യം ഉണ്ടായാല്‍ രോഗ പ്രതിരോധസംവിധാനം താളം തെറ്റും. അതുകൊണ്ട് നല്ല നാളേയ്ക്ക് ജീവിതത്തെ നമുക്ക് 'ടെന്‍ഷന്‍ ഫ്രീ' ആക്കാം.
ജി.കെ.
Tags: Accute stress

No comments: