Tuesday, August 26, 2008

ഇവിടെ കൃഷി ഒരു ഉപാസന


കെ.ജി.ഗിരീഷ്‌കുമാര്‍
'സൂര്യായ സ്വാഹ സൂര്യായ ഇദം ന മമ പ്രജാപതയേ സ്വാഹ പ്രജാപതയേ ഇദം

മന്ത്രോച്ചാരണങ്ങള്‍കൊണ്ട്‌ ഇടക്കിടെ മുഖരിതമാകുന്ന ഈ കൃഷിയിടത്തിന്‌ ഒരു ആശ്രമഛായയാണ്‌. കുടക്‌ മലനിരകള്‍ക്ക്‌ അഭിമുഖമായി നി'ുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ഈ മലഞ്ചെരുവില്‍ ജൈവകൃഷിയുടെ പുത്തന്‍ പാഠങ്ങള്‍ പരീക്ഷിക്കുകയാണ്‌ തെരുവംകുന്നേല്‍ കുര്യാച്ചന്‍ എന്ന കര്‍ഷകന്‍. ചെറുപുഴയില്‍നിന്ന്‌ 20 കിലോമീറ്ററിലധികം അകലെ ജോസ്‌ഗിരിയിലാണ്‌ കുര്യാച്ചന്റെ ഒന്നരയേക്കര്‍ പുരയിടം. കൃഷി അദ്ദേഹത്തിന്‌ ഒരു ഭൗതിക പ്രവൃത്തിയല്ല. ആധ്യാത്മിക അനുഷുാനമാണ്‌. പഞ്ചഭൂതങ്ങളായ അഗ്നി, ആകാശം, വായു, ജലം, ഭൂമി എന്നിവയുടെ പാവനത നിലനിര്‍ത്തിയാല്‍മാത്രമേ ആരോഗ്യകരമായ കൃഷിയും അതുവഴി ജീവിതവും നിലനി'ൂ എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. രാസവളവും കീടനാശിനിയും അമിതമായി പ്രയോഗിക്കുന്നത്‌ ഭൂമിയെ കൊല്ലുമെന്ന്‌ അദ്ദേഹം പറയുന്നു. 'അമിത രാസവളപ്രയോഗത്തിന്റെ ദൂഷ്യം ഞാന്‍ വയനാട്ടില്‍ കണ്ടതാ. മണ്ണ്‌ നശിച്ചൂന്ന്‌ മാത്രമല്ല, ചെടികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം മാരകരോഗങ്ങളുമായി'.

വയനാട്ടിലെ തവിഞ്ഞാലില്‍നിന്ന്‌ പതിനഞ്ചുവര്‍ഷം മുമ്പാണ്‌ കുര്യാച്ചന്‍ ജോസ്‌ഗിരിയിലെത്തിയത്‌. ജൈവ കൃഷിരീതി സ്വീകരിച്ചിട്ടും ഏതാണ്ട്‌ അത്രനാളായി. 'നമ്മുടെ ചാരോം, ചാണകോം മണ്ണിരക്കമ്പോസ്റ്റും ഒക്കെ ഫസ്റ്റ്‌ വളമാ. പിന്നെ അന്തരീക്ഷ ശുദ്ധിക്ക്‌ അഗ്നിഹോത്രവും'. ജൈവകൃഷി വിദഗ്‌ദ്ധ നായ ഡോ. തിമ്മയ്യയില്‍നിന്നാണ്‌ കുര്യാച്ചന്‍ ജൈവകൃഷിയുടെ പുത്തന്‍ അറിവുകള്‍ സമ്പാദിച്ചത്‌. കുര്യാച്ചന്‍ മാത്രമല്ല, ജോസ്‌ഗിരി മേഖലയാകെ ഇന്ന്‌ ജൈവകൃഷിയുടെ പ്രയോക്താക്കളാണ്‌. ജോസ്‌ഗിരി ഓര്‍ഗാനിക്‌ ഫാര്‍മേഴ്‌സ്‌ അസോസിയേഷന്‍ എന്നൊരു സംഘടനയും അവിടെയുണ്ട്‌. ഒരുകാലത്ത്‌ വാനില കൃഷിയില്‍, സ്വപ്‌നംവിതച്ച കൃഷിക്കാരുടെ കൂട്ടായ്‌മ. ജോസ്‌ഗിരിയില്‍ ഉത്‌പാദിപ്പിച്ച ജൈവവാനിലതേടി പലരും എത്തിയെങ്കിലും എല്ലാവരും തങ്ങളെ കബളിപ്പിച്ചുവെന്ന്‌ കുര്യാച്ചന്‍ പറയും.

വാനിലയെന്നപോലെ കാബേജും, സ്‌ട്രോബറിയും, കോളിഫ്‌ളവറും മലയോരത്ത്‌ കൃഷിചെയ്‌തുതുടങ്ങിയതും ജോസ്‌ഗിരിക്കാര്‍തന്നെ. 'കാബേജിനും സ്‌ട്രോബറിക്കും പറ്റിയ മണ്ണാ ഇത്‌. പക്ഷെ, മാര്‍ക്കറ്റ്‌ ഇല്ലാന്നുള്ളതാണ്‌ ഇപ്പോഴത്തെ ഞങ്ങടെ പ്രശ്‌നം' - കുര്യാച്ചന്‍ പറയുന്നു. മൂന്നാറിലുള്ള ഒരു സുഹൃത്തില്‍നിന്നാണ്‌ സ്‌ട്രോബറിത്തൈ ആദ്യം കുര്യാച്ചന്റെ കൈയിലെത്തുന്നത്‌. ഇപ്പോള്‍ 150 ചുവട്‌ തൈ അദ്ദേഹത്തിന്റെ പുരയിടത്തിലുണ്ട്‌. ഒരുചുവട്ടില്‍നിന്ന്‌ ശരാശരി 2 കി.ഗ്രാം വരെ കിട്ടും. കുര്യാച്ചന്റെ പുരയിടത്തിലടക്കം ജോസ്‌ഗിരിയിലെ ഒട്ടേറെ വീടുകളില്‍ കാബേജും കൃഷിചെയ്യുന്നുണ്ട്‌. ബാംഗ്ലൂരിലെ ഇന്തോ-അമേരിക്കന്‍ സീഡ്‌ പ്രോജക്ടില്‍നിന്നോ കര്‍ണാടകത്തിലെ കര്‍ഷകരില്‍നിന്ന്‌ നേരിട്ടോ വിത്ത്‌ ശേഖരിച്ചാണ്‌ കൃഷി. 150 രൂപയ്‌ക്ക്‌ കിട്ടുന്ന 20 ഗ്രാം വിത്തില്‍നിന്ന്‌ 500 ചെടിവരെ നടാം. രാസവളവും കീടനാശിനിയും പ്രയോഗിക്കാത്ത ജോസ്‌ഗിരിയിലെ കാബേജിന്‌ ഇപ്പോള്‍ സമീപപ്രദേശത്തുകാര്‍ മാത്രമാണ്‌ ആവശ്യക്കാര്‍. വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷിചെയ്യുന്ന കുര്യാച്ചന്റെ പുരയിടത്തില്‍ വാനിലയ്‌ക്ക്‌ പുറമെ സീസണനുസരിച്ച്‌ പച്ചമുളകും, വെണ്ടയും, വഴുതനയും, ചീരയും, കാബേജും, കോളിഫ്‌ളവറും എല്ലാം വളരുന്നു.

'ഇവിടെയെനിക്ക്‌ മണ്ണിനേക്കാള്‍കൂടുതല്‍ പാറയാ' എന്ന്‌ അല്‌പം അതിശയോക്തികലര്‍ത്തി പറയുന്ന കുര്യാച്ചന്‌ പാറക്കെട്ടുനിറഞ്ഞ ചെങ്കുത്തായ മലനിരയില്‍ കൃഷി ചെയ്യാന്‍ സ്വന്തമായ ചിലവഴികളുണ്ട്‌. സില്‍പോളിന്‍ ഉപയോഗിച്ച്‌ പ്രത്യേകം തയ്യാറാക്കിയ നൂറ്റമ്പതോളം കൂടുകള്‍ മണ്ണ്‌നിറച്ച്‌ പാറകളിലും കയ്യാലകളിലും നിരത്തിയാണ്‌ അദ്ദേഹം പ്രകൃതിയുടെ പരിമിതിയെ മറികടക്കുന്നത്‌. 120 മുതല്‍ 150 വരെ ജി.എം.എസ്‌. കനമുള്ള സില്‍പോളിനാണ്‌ കൂടുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്‌. കുര്യാച്ചന്‍ സ്വന്തമായി ഡിസൈന്‍ചെയ്‌ത കവറിന്‌ 3.5ണ്‍1.5 അടി വലിപ്പമുണ്ടാകും. 17 രൂപയാണ്‌ ഒന്നിന്റെ നിര്‍മാണ ചെലവ്‌. 'ചുവട്‌ ചതുരത്തില്‍ വരത്തക്കവിധം വേണം തയ്‌ക്കാന്‍. ആദ്യം കൂടിന്റെ പകുതിഭാഗം മണ്ണിട്ട്‌ നിറയ്‌ക്കും. പിന്നെ വളരുന്നതിനനുസരിച്ച്‌ മണ്ണും വളവും ഇട്ടുകൊടുത്താല്‍ മതി'. പ്ലാസ്റ്റിക്‌ ചാക്കിനെയും പോളിത്തീന്‍ കവറിനെയും ചെടിച്ചട്ടിയെയും അപേക്ഷിച്ച്‌ സില്‍പോളിന്‍ കൂടിന്‌ മറ്റുചില ഗുണങ്ങളും ഉണ്ടെന്ന്‌ കുര്യാച്ചന്‍ പറയുന്നു. 'സില്‍പോളിനില്‍ ലെഡിന്റെഅംശം ഉള്ളതുകൊണ്ട്‌ ചൂട്‌ കൂടുമ്പോള്‍ കൂട്‌വികസിക്കും. അതുകൊണ്ട്‌ കൂടിനും മണ്ണിനും ഇടയില്‍ ഈര്‍പ്പം നിലനില്‍ക്കും. ഉറുമ്പ്‌ ശല്യവും കുറവായിരിക്കും. തരിശുഭൂമി കൃഷിയോഗ്യമാക്കിയതിലെ ഈ മികവിന്‌ ചെറുപുഴപ്പഞ്ചായത്ത്‌ കുര്യാച്ചനെ പുരസ്‌കാരംനല്‌കി ആദരിച്ചിട്ടുണ്ട്‌.

ചാണകവും മണ്ണിരക്കമ്പോസ്റ്റും പച്ചിലവളവുമൊക്കെ വളമായി ഉപയോഗിക്കുന്ന കുര്യാച്ചന്‌ തന്റെ വിളകള്‍ക്ക്‌ നല്‌കാന്‍ വിശിഷ്ടമായ മറ്റൊന്നുകൂടിയുണ്ട്‌. അഗ്നിഹോത്രകുണ്ഡത്തില്‍നിന്ന്‌ ലഭിക്കുന്ന ചാരം. 'നല്ലൊരു വളമാണത്‌, മനുഷ്യര്‍ക്ക്‌ നല്ലൊരു ഔഷധവും'. കുര്യാച്ചന്റെ ഭാര്യ ഷൈനി പറയുന്നു. മഴക്കാലത്ത്‌ വെള്ളംശേഖരിക്കാന്‍ സില്‍പോളിന്‍ കൊണ്ട്‌ കൃത്രിമകുളം തീര്‍ത്ത കുര്യാക്കോസ്‌ ജല സംരക്ഷണത്തില്‍ കാവുകളുടെ പ്രാധാന്യവും തിരിച്ചറിയുന്നു. തന്റെപറമ്പിലെ നീരുറവയ്‌ക്ക്‌ ചുറ്റും കാവ്‌തീര്‍ത്ത്‌ പക്ഷിക്കും, പാമ്പിനും, മറ്റ്‌ ജീവജാലങ്ങള്‍ക്കും കൂടൊരുക്കുന്നു ഈ ജൈവകര്‍ഷകന്‍. ഇവിടെ നിന്നുയരുന്ന 'അഗ്‌നയേ സ്വാഹ അഗ്‌നയേ ഇദം നമമ പ്രജാപതയേ സ്വാഹ പ്രജാപതയേ ഇദം നമമ' എന്ന മന്ത്രം എല്ലാംതരുന്ന പ്രകൃതിയോട്‌ ഇതൊന്നും എന്‍േറതല്ല, എല്ലാം നിന്‍േറതു തന്നെ എന്ന സമര്‍പ്പണമാണ്‌.

No comments: